Tuesday 17 November 2015

മാനനീയ അശോക് സിംഗാൾ : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ കാവലാള്‍

No comments :

വിഎച്ച്പി അന്തര്‍ദേശീയ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും മാര്‍ഗദര്‍ശകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ അശോക് സിംഗാള്‍ (89) അന്തരിച്ചു. കടുത്ത ശ്വാസതടസത്തെത്തുടര്‍ന്ന് ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിംഗാള്‍ സുഖം പ്രാപിച്ച ശേഷം ഇക്കഴിഞ്ഞ 12ന് ആശുപത്രി വിട്ടതാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും കഠിനമായ ശ്വാസംമുട്ടും നെഞ്ചു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു സിംഗാള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഹൃദയത്തിനും വൃക്കയ്ക്കുമാണ് സിംഗാളിന് തകരാറുണ്ടായിരുന്നത്. ശ്വാസതടസ്സവുമുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കണ്ണ് തുറന്ന് നോക്കിയിരുന്നെങ്കിലും എന്തെങ്കിലും സംസാരിക്കാനോ പ്രതികരിക്കാനോ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.
കഴിഞ്ഞ മൂന്ന് ദിവസമായിട്ടും മരുന്നുകളോട് പ്രതികരിക്കുന്നതിന്റെ സൂചനകളുമില്ലായിരുന്നു. കഴിഞ്ഞ മാസം 20നാണ് അദ്ദേഹത്തെ അലഹാബാദില്‍നിന്ന് ദല്‍ഹിക്കു കൊണ്ടുവന്നത്. സിംഗാളിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് വിഎച്ച്പി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവര്‍ ശനിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു.
ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കി, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഉമാഭാരതി എന്നിവര്‍ ഞായറാഴ്ച ആശുപത്രിയിലെത്തിയെങ്കിലും സിംഗാളിനെ കാണാന്‍ കഴിഞ്ഞില്ല.

ഹൈന്ദവ മൂല്യങ്ങൾ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതിൽ അമരക്കാരനായിരുന്നു അശോക് സിംഗാൾ. ധർമ്മ സൻസത് ഉൾപ്പടെയുള്ള നിരവധി ഹൈന്ദവ മുന്നേറ്റങ്ങളുടെ സാരഥ്യം ഈ മഹാരഥന്റെ കൈകളിൽ ഭദ്രമായിരുന്നു. രണ്ട് പതിറ്റാണ്ടിലധികം വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‍‍ട്ര വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം സനാതന ധ‍ർമ പരിപാലനത്തിൽ വ്യാപൃതനായിരുന്നു.

ആഗ്രയിൽ പിറന്ന അറിവിന്റെയും മാനവികതയുടെയും അക്ഷയഖനിയായിരുന്നു അശോക് സിംഗാൾ. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച സിംഗാൾ 1950ൽ എൻജിനിയറിംഗ് ബിരുദപഠനത്തിനായി ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ചേർന്നു.

എന്നാൽ 1942 മുതൽ തന്നെ രാഷ്ട്രീയ സ്വയം സേവകസംഘത്തോടൊപ്പം ചേർന്ന സിംഗാൾ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി ഒരു മുഴുനീള പ്രചാരകനായി. ഡൽഹിയിൽ പ്രാന്ത പ്രചാരകനായി സാമൂഹിക സേവനം രംഗത്തെ ചുവടുവയ്പ്പ്, പിന്നീട് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി, വിഎച്ച്പി ജനറൽ സെക്രട്ടറി, വർക്കിംഗ് പ്രസിഡന്‍റ്..... ഇങ്ങനെ പദവികൾ പലതായി വന്നുചേർന്നു സേവനതൽപ്പരതയുടെ കർമ്മപഥത്തിൽ.

പിന്നാക്ക വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശനമില്ലാതിരുന്ന വ്യവസ്ഥിതിക്ക് മാറ്റമുണ്ടാക്കുന്നതിനായി 200ലധികം അമ്പലങ്ങൾ പണിതു, സിംഗാളിന്റെ നേതൃത്വത്തിൽ വിഎച്ച്പി പ്രവർത്തകർ. 1984 ഹൈന്ദവ സമൂഹത്തെ ഏകീകരിച്ച് ഒരു കുടക്കിഴിലെത്തിക്കാനായി അശോക് സിംഗാൾ സംഘടിപ്പിച്ച ധർമ്മ സൻസത്തിൽ വച്ചായിരുന്നു രാമജന്മഭൂമിയുടെ വീണ്ടെടുക്കലിനെ കുറിച്ചുൾപ്പടെയുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

പൊതുജീവിതത്തിന്റെ തിരക്കുകളിൽ വ്യാപൃതനാകുമ്പോഴും സിംഗാളിലെ കലാകാരൻ ഇവയിൽ നിന്നെല്ലാം ഓടിയകന്നെത്തിയിരുന്നത് ഹിന്ദുസ്ഥാനി സംഗീതത്തിനരികിലായിരുന്നു. പണ്ഡിറ്റ് ഓംകാർനാഥ് ഠാക്കൂറിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു അശോക് സിംഗാൾ.

മാനവികതയുടെ വികാസമായിരുന്നു എന്നും ഈ മഹാമനുഷിയുടെ സ്വപ്നം. പാർശ്വവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ കാവലാളായി അന്ത്യശ്വാസം വരെ നില കൊണ്ട നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ഓരോ ദേശസ്നേഹിക്കും അശോക് സിംഗാൾ.
കടപ്പാട് : ജന്മഭൂമി, ജനം ടി വി

No comments :

Post a Comment