Tuesday 17 November 2015

നവതിയുടെ നിറവില്‍ മാനനീയ പരമേശ്വര്‍ജി...

No comments :


എം.ബാലകൃഷ്ണൻ
....................................................................................................
ചേർത്തല കായിപ്പുറം കൊച്ചനാകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനപ്പുറത്ത്   കേരളസ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ്  കോർപ്പറേഷന്റെ വക വെളുത്ത അമ്പാസിഡർ കാർ വന്നു നില്ക്കുന്നു. കാറിൽ നിന്നിറങ്ങിയത് കമ്യൂണിസ്റ്റ്   താത്വികാചാര്യനായ പി.ഗോവിന്ദപ്പിള്ള. ഗോവിന്ദപ്പിള്ള നടന്നടുക്കുന്നത് ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിവരുന്ന തന്റെ ഏതാണ്ട് സമപ്രായക്കാരന്റെ അടുത്തേക്കാണ്. ഇരുവരും കണ്ടപാടെ സ്‌നേഹപൂർവ്വം ഗാഢാശ്ലേഷത്തിൽ. ‘ഭാരതീയ വിചാരകേന്ദ്രം     ഡയരക്ടർ പി. പരമേശ്വരനായിരുന്നു ക്ഷേത്രദർശനം  കഴിഞ്ഞിറങ്ങിയത്. എഴുപതാം പിറന്നാൾ ആഘോഷത്തിന് തന്റെ തറവാട്ടിലെത്തിയതായിരുന്നു പരമേശ്വർജി. തിരക്കിട്ടയാത്രയിലും നേരിൽകണ്ട് തന്റെ സഖാവിന് പിറന്നാൾ ആശംസനേരാൻ എത്തിയതായിരുന്നു പി.ഗോവിന്ദപ്പിള്ള.
    ‘ഭുവിൽ പിറന്ന നാളല്ല,
      താനാരെന്ന നേരറിയുന്ന
    നാളത്രെ പിറനാൾ എന്നു പാടിയ
പരമേശ്വർജി ഉറ്റബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ഏറിയ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ലളിതമായെങ്കിലും എഴുപതാം പിറന്നാൾ ആഘോഷിക്കാൻ സമ്മതം  മൂളിയത്.  പി.ജി.യെന്ന് വിളിക്കപ്പെടുന്ന പി. ഗോവിന്ദപിളള തന്റെ ചിരകാല സുഹൃത്തിന് ആശംസകളുമായെത്തുകയും ചെയ്തു.  അധികമൊന്നും സംസാരിക്കാതെ അന്യോന്യം നോക്കി നിന്നുകൊണ്ട് അവർ ഏറെ പറയുന്നു ചുറ്റുമുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ആദിയുമന്തവുമില്ലാത്ത യാത്രയിൽ ആറേഴുമാത്രകൾ മാത്രമാണ്  പിന്നിടുതെന്നും മുന്നിലോതാണ്ടുവനെത്ര താരാപഥം എന്നും പാടിയ കവിക്ക് പിറന്നാൾ ആശംസകളർപ്പിച്ച് പി.ജി. പെട്ടെന്ന് മടങ്ങി.
    1996 ലാണ് സംഭവം.  നിസ്സാരമെന്ന് ഒറ്റനോട്ടത്തിൽ തോന്നാവുന്ന സം‘വമാണിത്.  എന്നാൽ കമ്യൂണിസ്റ്റ് സംഘടനാ കാർക്കശ്യത്തിന്റെ പിടിയിലമർന്നിരുന്ന കേരളത്തിന്റെ ചരിത്രപരിണാമത്തിലെ ദശാസന്ധികളെയാണ് ഇത്  ചൂണ്ടിക്കാണിക്കുന്നത്. മാർകിസ്റ്റ് രാഷ്ട്രീയ അസഹിഷ്ണുതയും അക്രമവാസനയും കൊണ്ട് കേരളത്തെ ചോരക്കളമാക്കിയ 1980 കളിൽനിന്നും കേരളം വിടുതൽനേടിവരുന്നതിന്റെ ലക്ഷണമായിരുന്നു അത്. അക്രമങ്ങളിൽ നിന്ന് ആശയ സംവാദത്തിലേക്ക് എന്ന  ലക്ഷ്യവുമായി ‘ഭാരതീയ വിചാരകേന്ദ്രം കേരളത്തിൽ പ്രവർത്തനമാരംഭിച്ചിട്ട്   ഒരു വ്യാഴവട്ട ക്കാലം പിന്നിടുമ്പോഴാണ് ഈ  സംഭവം.
ആശയപരമായി വ്യത്യസ്തത പുലർത്തുമ്പോഴും”അത്മസംയമപൂർവ്വ മന്യോന്യ മാദരപൂർവ്വം, വാദമേ വഴിയെന്നു വിധിച്ച പാരമ്പര്യം” എന്ന തന്റെ കവിതയിലെ ഈരടികളെ കേരളത്തിൽ പ്രയോഗികമാക്കുകയായിരുന്നു പരമേശ്വർജി, “തത്ത്വ ദർശന ഭേദമുണ്ടായാലതു തീർക്കാൻ, സത്യസംശോധനത്തിനു ശാശ്വതമാർഗ്ഗം കാണാൻ” മാറ്റൊരു കേരള മാതൃക’ കാണിക്കുകയായിരുന്നു പരമേശ്വർജി. “പെറ്റനാട് വീട് വിട്ടെങ്ങോ രക്ഷനേടിയാൽ പോലും, ചുറ്റികയാലെതല്ലി വീഴ്ത്തൽ വിപ്ലവമാർഗം” എന്ന് കമ്മ്യൂണിസ്റ്റ് റഷ്യയിലെ ട്രോട്‌സ്‌കിയെക്കുറിച്ച് “ആൾക്കുരുതി” എന്ന കവിതയിൽ ഓർമിച്ച പരമേശ്വർജി ആദി ശങ്കരന്റെ നാട്ടിൽ വാദേ വാദ ജയതേ തത്വബോധ‘ എന്ന വാക്യത്തിന് കാലാനുസൃതമായ ആവിഷ്‌ക്കാരം നടത്തുകയായിരുന്നു ഭാരതീയവിചാരകേന്ദ്രം എന്ന പഠനഗവേഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെ ചെയ്തത്.  രാഷ്ട്രപുനർ നിർമ്മാണത്തിനാവശ്യമായപഠന ഗവേഷണ കേന്ദ്രം എന്ന  കേവല അക്കാദമിക താതാപര്യത്തേക്കാൾ കവിഞ്ഞ ലക്ഷ്യമായിരുന്നു ഇതിന്റെ സ്ഥാപനത്തിലൂടെ പരമേശ്വർജി വിഭാവനം ചെയ്തത്.  1980 കളിൽ കമ്മ്യൂണിസ്റ്റ് അക്രമങ്ങൾ കൊണ്ട്  പൊറുതിമുട്ടിയ കേരളത്തെ ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിക്കുക എന്ന മാനവികമായ ലക്ഷ്യം കൂടിയുണ്ടായിരുന്നു.
സ്വാസോദരക്കുരുതിയിൽ “ചെഞ്ചോരയാൽ നനച്ച് പ്രത്യയശാസ്ത്ര  വിഷതൈകൾ നനക്കുവാൻ” പാടില്ലെന്ന ഉദാത്തമായ ലക്ഷ്യം! സമ്പൂർണ്ണമായി അത് സാധിതമായില്ലെങ്കിൽ കൂടി 1980കളിലെ കേരള സാഹചര്യത്തെ വിലയിരുത്തുന്ന ചരിത്ര വിദ്യാർത്ഥിക്ക് ഏറെ മാറ്റം ഉണ്ടായെന്ന്  വിലയിരുത്താനാവും. കമ്മ്യൂണിസ്റ്റ് അക്രമം അയവുവരുത്താൻ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തെ ചർച്ചയിലേക്ക് നയിക്കാൻ ഏറെ പ്രയത്‌നിച്ചത് ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം അന്ന് ഡൽഹി ദീനദയാൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിക്കുന്ന പരമേശ്വർജിയും ആയിരുന്നു
കേരളത്തിന്റെവികസനത്തിന് രാഷ്ട്രീയ -  പ്രത്യയശാസ്ത്ര വിലക്കുകൾ തടസ്സം നിൽക്കാൻ പാടില്ലെന്ന ആശയത്തെയാണ് ഇതിലൂടെ മറ്റൊരർത്ഥത്തിൽ പരമേശ്വർജി മുന്നോട്ട് വെച്ചത്” വികസനത്തിന് കരുത്തും കാഴ്ചപ്പാടുമുളള രാഷ്ട്രീയ സാംസ്‌ക്കാരിക നേതൃത്വം ഉരുത്തിരിഞ്ഞ് വരേണ്ടിയിരിക്കുന്നു.  വർത്തമാനകാല കേരളം നേരിടുന്ന അടിയന്തിരാവശ്യമാണിത്” എന്ന് ആദ്ദേഹം അടിവരയിട്ട്  പറഞ്ഞു.  ജീവിതത്തിൽ ഒന്നിലേറെ ഇഷ്ടദേവതകളെ ഉപാസിക്കുക സാധ്യമല്ലെന്ന പരമേശ്വർജിയുടെ  വാക്കുകളെടുത്തുകൊണ്ട് അക്കിത്തം പറഞ്ഞതിങ്ങനെ.  ‘ഇങ്ങിനെ പറയുമ്പോൾ എനിക്ക് അങ്ങോട്ട് പറയുവാൻ വാക്കുകളില്ല”.  അരവിന്ദമഹർഷിയുടെ  കവിതകളെ താരതമ്യം ചെയ്തുകൊണ്ട് പരമേശ്വർജിയുടെ കവിതകളെ വിലയിരുത്തുമ്പോഴാണ് അക്കിത്തം പരമേശ്വർജിയുടെ കവിതകൾക്ക് ഇനിയുമുണ്ടാകാവുന്ന വളർച്ചയെക്കുറച്ച് പറഞ്ഞു തുടങ്ങിയത്.  പരമേശ്വർജി കവിതയുടെ ലോകത്ത് മാത്രം വിഹരിച്ചിരുന്നെങ്കിൽ മലയാളത്തിന് മറ്റൊരു മഹാകവിയെ കൂടി കിട്ടുമായിരുന്നുവെന്ന് വിഷ്ണു നാരായണൻ നമ്പൂതിരിയും പറഞ്ഞതോർമ്മിക്കുകയാണ്. കടന്നു കാണുവാൻ കഴിവുളള കവികളിലൊരാളാ—യിരുന്നു പരമേശ്വർജി.  എന്നാൽ അത് കവിതയുടെ   ലോകത്ത് മാത്രം തളച്ചിടാനല്ല അദ്ദേഹം തീരുമാനിച്ചത്.  കേരളത്തിന്റെയും അതുവഴി ഭാരതത്തിന്റെയും ശ്രേയസിനായി സമർപ്പിക്കപ്പെട്ടതാണ് ആ ജീവിതം.  ചരിത്രവിശകലനത്തിന്റെ വിരസതകളിൽ മാത്രമല്ല  ആ ചരിത്രകാരൻ വ്യവഹരിക്കുന്നത്.  ചരിത്രത്തെ വിശകലനം ചെയ്ത് ഭാവിയെ രൂപപ്പെടുത്തുന്ന ദാർശനികന്റെ ദൗത്യമാണ് പരമേശ്വർജി നിർവഹിക്കുന്നത്. കാലത്തിന് മുമ്പേ നടക്കാൻകഴിയുന്ന ഒരു ദാർശിനികൻ. വാഴ്ത്തപ്പെട്ട കേരളമാതൃകയുടെ ഉളളുപൊളളയാണെന്നു പറയാനും കേരളം ഉപഭോഗസംസ്‌കാരത്തിന്റെ കെടുതികളിലേക്ക് കൂപ്പുകുത്തുകയാണെന്ന് മുന്നറിയിപ്പ് തരാനും ഈ  ദാർശനികന് കഴിഞ്ഞു.
*************
 കേരളം ഇന്ന്  ശ്രീനാരായണ ഗുരുദേവ ദർശനത്തെകുറിച്ച്  ഏറെ ചർച്ചചെയ്യുന്നു. ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ  പ്രവാചകൻ’ എന്ന ഗ്രന്ഥം പരമേശ്വർജി   എഴുതി അതിന്റെ  ആദ്യ പ്രതി  അച്ചടിച്ചത്  1970 ലാണെന്ന്  ഓർമ്മിക്കണം.  ഭാരതീയ ജനസംഘത്തിന്റെ  ദേശീയ നേതാവായി  പ്രവർത്തിക്കുമ്പോഴാണ്  തന്റെ തിരക്കുകൾക്കിടയിൽ  ആദ്ദേഹം  ആ ചരിത്രകർത്തവ്യം  പൂർത്തിയാക്കിയത്. കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തെ രൂപപ്പെടുത്തിയ ആർഷ ഗുരുക്കളിൽ പ്രഥമഗണനീയനായ ശ്രീനാരായണഗുരുവിന്റെ മഹത്വം അദ്ദേഹം എന്നേ തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടാൻ പെടാപ്പാടു പെടുന്ന കമ്മ്യൂണിസ്റ്റ് നേതൃത്വം അന്ന് ഗുരുവിന്റെ മഹത് പാരമ്പര്യത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. സിമന്റ് നാണുവെന്നും പൂണൂലിട്ട ബൂർഷ്വാസിയെന്നും വിമർശിച്ച് നവോത്ഥാനത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തെ അപഹസിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് സവർണ്ണ മേധാവിത്വം. ഗുരുദേവന്റെ  ജീവചരിത്രത്തെക്കുറിച്ച് സുകുമാർ അഴീക്കോട് കൃത്യമായി വിവരിക്കുന്നുണ്ട്.
ഒരു പൂർവ്വ പരമ്പരയുടെ  തുടർച്ചയായി വരുന്ന  മിക്കകൃതികൾക്കും  പിണയുന്ന   ഒരപകടം  അവ പഴയതിന്റെ  പ്രതിധ്വനിയും പ്രതിഛായയും ആയി തരം താണു പോകുമെന്ന് പറയുന്ന സുകുമാർ അഴീക്കോട് പരമേശ്വർജിയുടെ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത് “ആ അപകടത്തിൽ നിന്ന് ഒഴിയാൻ  കഴിഞ്ഞുവെന്നതാണ്  ഗ്രന്ഥകാരന്റെ ഏറ്റവും വലിയ വിജയം എന്നാണ്.”
ശ്രീനാരായണഗുരുവിനെ തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന ദയനീയ കാഴ്ചകൾക്കാണ്  ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ തന്റെ വ്യക്തിഗതങ്ങളായ സ്ഥൂലപക്ഷപാതങ്ങളെ ഉത്തമമായ ജീവചരിത്ര നിർമാണത്തിനുതകുമാറ് സ്വയം നിയന്ത്രിച്ചുകൊണ്ട് വിഷയത്തിന്റെ ‘ഭാവോന്മീലനത്തിൽ അതിശ്രദ്ധാലുവായിക്കൊണ്ടുളള ശ്ലാഘ്യമായ ഒരു രചനാ രീതിയാണ് ഈ പുസ്തകം എഴുതുന്നതിൽ  ഗ്രന്ഥകാരൻ  സ്വീകരിച്ചുകാണുന്നത്.  എഴുത്തുകാരായ എഴുത്തുകാർക്ക് പോലും  സുഖകരമല്ലാത്ത ഒരു പരിപാടിയാണിത്.  ഈ ഗ്രന്ഥകാരൻ ആ ദുർഭലമായ  ഗുണം പ്രകടിപ്പിക്കുമ്പോൾ  അദ്ദേഹത്തെ  സാമാന്യാധികമായി  പ്രശംസിക്കേണ്ടതുണ്ടെന്ന്  എനിക്ക് തോന്നുന്നു. കാരണം അദ്ദേഹം ഇന്ന്  ഒരു രാഷ്ട്രീയകക്ഷിയുടെ  അഖിലേന്ത്യാതലത്തിലുളള  ഒരു പ്രമുഖ പ്രവർത്തകനാണ്.  എഴുത്തുകാരന്റെ  ഹൃദയത്തെ സങ്കോചിപ്പിക്കുന്ന  ബാഹ്യശക്തികളിൽ  ഏറ്റവും ചീത്തയാണ്  രാഷ്ട്രീയ താല്പര്യം എന്ന്  ആരും സമ്മതിക്കും. എന്നിട്ടും  ആ പരാധീനതയെ അതി ലംഘിച്ചുയരുവാനും ലേഖനകലയോടോ  ശ്രീനാരായണഗുരുവോടോ, ഗുരു ചൈതന്യത്തിനോടൊ അപരാധം പ്രവർത്തിക്കാത്ത  നിലയിൽ    രചന പൂർത്തിയാക്കുവാനും കഴിഞ്ഞ അദ്ദേഹത്തെ ആദരിക്കാതിരിക്കാൻ വയ്യാ   എന്ന് സുകുമാർ അഴീക്കോട് പരമേശ്വർജിയുടെ പുസ്തകത്തെകുറിച്ച് വിലയിരുത്തുന്നു.
കേരളത്തിന്റെയും ‘ഭാരതത്തിന്റെയും രാഷ്ട്രീയ വൈചാരിക  മേഖലകളിൽ കമ്യൂണിസം കൊടികുത്തി വാണിരുന്ന കാലത്തുതന്നെ  അതിന്റ അനിവാര്യമായ അന്ത്യത്തെകുറിച്ച് പരമേശ്വർജി ദീർഘവീക്ഷണം ചെയ്തു. വിവേകാനന്ദനും മാർക്‌സും , മാർകസിൽ നിന്നും മഹർഷിയിലേക്ക് എന്നീ കൃതികൾ ഇതിന്റെ വിശദീകരണങ്ങളായിരുന്നു. 1991 നവംബർ 3ന് കോഴിക്കോട് സർവ്വകലാശാലയിൽ    നടന്ന ദർശനസംവാദം  കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇ.എം.എസ് പാർട്ടി പ്രസിദ്ധീകരണങ്ങളിൽ  തുടർച്ചയായി എഴുതി. ഒരു ഘട്ടത്തിൽ ഇ.എം.എസ് ചർച്ചയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.           
ഈ സംവാദം പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. പരമേശ്വരൻ അവതരിപ്പിക്കുന്ന വാദത്തിനനുകൂലിക്കുന്നവർ ലോകസഭയിൽ  രണ്ടുപേർ മാത്രമേയുള്ളവെന്ന പരിഹാസത്തിലാണ് ഇ.എം.എസ് തന്റെ വാദം അവസാനിപ്പിച്ചത്. അന്ന് ബി.ജെ.പി. ക്ക് ലോക് സഭയിൽ 2 എം.പി.  മാർ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ നിർഭാഗ്യത്തിന് ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ലോക്‌സഭയിലെ അംഗസംഖ്യയെക്കുറിച്ച് എന്ത വിശദീകരണമായിരിക്കും ഇ.എം.എസ് നൽകുകയെന്നത് ആലോചിക്കുന്നത് രസാവഹമായിരിക്കും.
     കമ്യൂണിസ്റ്റ് കാപട്യത്തെ  തുറന്നു കാണിക്കുന്നതായിരുന്നു പരമേശ്വർജിയുടെ ഇടപെടലുകൾ. 1921 ലെ   മാപ്പിളലഹളയെ കാർഷിക കലാപമാക്കിയത്, 1942ലെ കമ്മ്യൂണിസ്റ്റ് ദേശദ്രോഹനിലപാട്, ‘ഭൂപരിഷ്‌കരണ നിയമത്തിലെ അട്ടിമിറി, രാമായണമാസത്തിനെതിരായ നിലപാട് തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ കമ്യൂണിസ്റ്റ് ധൈഷണിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹത്തിന് മുന്നിൽ നഗ്നരാക്കപ്പെട്ടു.
         ഇ.എം.എസ് നമ്പൂതിരിപ്പാട് തന്റെ സ്വത്ത് മുഴുവൻ പാർടിക്ക് സംഭാവന ചെയ്ത 'മഹാത്യാഗ'ത്തെക്കുറിച്ച് സി.പി.എം പ്രചരിപ്പിച്ച പെരും  നുണയ്ക്കു പിന്നിലെ സത്യം ഡോക്യമെന്റ്‌സ്  ഓഫ് ദ കമ്മ്യൂണിസ്റ്റ് പാർട്ടി  ഓഫ് ഇന്ത്യാ  എന്ന പാർട്ടി  ഔദ്യോഗിക രേഖകൾ  വച്ചുതന്നെ  പരമേശ്വർജി  തുറന്നുകാണിച്ചു. സഖാവ്  ജ്യോതിബസു  എഡിറ്റ് ചെയ്തിറക്കിയ രേഖകളിലെ  വൈരുദ്ധ്യം  പാർട്ടിയുടെ അവകാശവാദത്തെ  അപഹസിക്കുന്നതായിരുന്നു.
    കമ്മ്യൂണിസ്റ്റ് കേരളം കെട്ടിപൊക്കിയ   അബദ്ധധാരണകൾ പൊളിച്ചെഴുതുന്ന  ഇടപെടലുകളിലൂടെ  പരമേശ്വർജി ചെയ്തത് ഒരു രാഷ്ട്രീയ പാർട്ടിയുടെ  അധീശത്വം  അവസാനിപ്പിക്കാനുള്ള  പ്രവർത്തനം മാത്രമായിരുന്നില്ല. ശ്രീനാരായണഗുരുവും  ചട്ടമ്പിസ്വാമികളും  മഹാത്മാ അയ്യങ്കാളിയുമടക്കമുള്ള  ആദ്ധ്യാത്മിക നേതൃത്വം  പടുത്തുയർത്തിയ നവോത്ഥാന കേരളം  കേരള ഗാന്ധി കേളപ്പജിയിലൂടെ  ആധുനിക കേരളമായി  പരിണമിച്ചപ്പോൾ  ആ ചരിത്ര സന്ധിയെ   അട്ടിമറിച്ച് രാഷ്ട്രീയാധികാരം  ഏറ്റെടുത്ത കമ്മ്യൂണിസത്തെ  പ്രതിരോധിക്കുകയായിരുന്നു. നവോത്ഥാനപാരമ്പര്യ ത്തിന്റെ  അറ്റുപോയ കണ്ണികൾ  വിളക്കിചേർത്ത്  ആ മഹത് പാരമ്പര്യത്തിന്റെ  വഴിയിലേക്ക്  കേരളത്തെ  തിരിച്ചുപിടിക്കുകയായിരുന്നു.
വിവേകാനന്ദ ദർശനത്തേയും അരവിന്ദ ദർശനത്തേയും കേരളത്തെ പരിചയപ്പെടുത്തുന്നതിൽ ഏറെ പങ്കാണ് പരമേശ്വർജി നിർവ്വഹിച്ചത്. വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മവാർഷിക ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന 600 ഓളം പേജുവരുന്ന ബ്രഹദ്ഗ്രന്ഥം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിൽ പരമേശ്വർജി ശ്രദ്ധവെച്ചു.  വി.ആർ കൃഷ്ണയ്യർ മുതൽ എം.പി. വിരേന്ദ്രകുമാർ വരെ മാതാഅമൃതാനന്ദമയി മുതൽ സ്വാമിചിദാനന്ദപുരിവരെയുമുള്ള ഒട്ടനവധി മഹത് വ്യക്തികളാണ് ഈ ഗ്രന്ഥത്തെ സമ്പുഷ്ടമാക്കിയത്. പരമേശ്വർജിയുടെ സുഹൃത്തായിരുന്ന സഖാവ് പി.ഗോവിന്ദപിള്ളയായിരുന്നു ലേഖനം അയച്ചുതരാമെന്ന് സ്വന്തം കൈപടയിൽ കത്തെഴുതി ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗം മൂലം ഗോവിന്ദപിള്ളയുടെ ലേഖനം ഗ്രന്ഥത്തിൽ ഉണ്ടായില്ല. ദീനദയാൽ ഉപാധ്യായയുടെ ഏകാത്മ മാനവ ദർശനം കേരളത്തിൽ ചർച്ചചെയ്യപ്പെടുന്നതിൽ പരമേശ്വർജി ഏറെ പങ്കുവഹിച്ചു. ആധുനിക സമൂഹത്തിന്റെ ആർത്ഥികവും സാംസ്‌കാരികപരവുമായ സമസ്യകൾക്ക് പരിഹാരം കാണുന്നതിൽ ഏകാത്മ മാനവ ദർശനത്തിന്റെ പങ്ക് ശാസ്ത്രയുക്ത്യാ വിവരിക്കാൻ പരമേശ്വർജിക്ക് കഴിഞ്ഞു.  
ഇന്ന് കേരളം ചർച്ചചെയ്യുന്ന  സുപ്രധാന വിഷയങ്ങളെല്ലാം  ഇന്നലെ കേരളസമൂഹത്തിന്റെ   മുന്നിലേക്ക് പരമേശ്വർജി  ചർച്ചയ്ക്ക് വെച്ച വിഷയങ്ങളായിരുന്നു.  പ്രകൃതി സംരക്ഷണം മുതൽ മാതൃഭാഷയുടെ  മഹത്വം വരെ, രാമായണം മാസം മുതൽ ശ്രീനാരായണഗുരുവരെ, ചരിത്രരചനാ രീതികളിലെ  ഭാരതീയ സമീപനം മുതൽ  ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഗുണപരമായ  വളർച്ചയെകുറിച്ചുവരെ  നമുക്കിടയിൽ നിന്ന്  പരമേശ്വർജി  സംസാരിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ ആഴത്തിൽ , വ്യക്തതയോടെ.
1970 കളിൽ വയനാട്ടിൽ നടന്ന ആദിവാസി ഭൂസമരത്തിന്റെ മുന്നിലും പിന്നിലും പരമേശ്വരനെന്ന പൊതു പ്രവർത്തകൻ ഉണ്ടായിരുന്നു. അതിന് മുമ്പ് നടന്ന മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിലും അങ്ങാടിപ്പുറം തളി ക്ഷേത്രവിമോചനസമരത്തിലും സമരമുഖത്ത് പരമേശ്വരൻ എന്ന സംഘടനാ പ്രവർത്തകൻ ഉണ്ടായിരുന്നു. അടിയന്താരവസ്ഥയിൽ പാലക്കാട്ട് വെച്ച് പ്രക്ഷോഭം നടത്തി അറസ്റ്റ് വരിച്ച് ജയിൽ വാസം അനുഷ്ഠിക്കാൻ അദ്ദേഹം തയ്യാറായി. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ നാഴികകല്ലെന്ന് വിശേഷിപ്പിക്കാവുന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ ആശയധാരയ്ക്ക് പിന്നിൽ പരമേശ്വർജി ഉണ്ടായിരുന്നു. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ അന്തർ ദേശീയമായ വളർച്ചയ്ക്ക് പിന്നിലെ പ്രേരണാ ശ്രോതസ്സ് പി. പരമേശ്വരനാണ്. സാമൂഹ്യ മാറ്റങ്ങളുടെ അളവുകൾ രാഷ്ട്രീയ അധികാരം മാത്രമല്ലെന്ന ആശയം വെച്ചുപുലർത്തുമ്പോൾ തന്നെ രാഷ്ട്രീയ മേഖലയ്ക്ക് ധൈഷണികമായ കരുത്തും സത്യസന്ധമായ സമീപനവും ഉണ്ടാകണമെന്ന ആശയം അദ്ദേഹം  മുന്നോട്ട് വെയ്ക്കുന്നു. കേരളത്തിന്റെ ആദ്യത്തെ ബിജെപി എംപി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനർഹൻ തന്റെ സഹപ്രവർത്തകനായ ഒ. രാജഗോപാലാണെന്ന് ദേശീയ രാഷ്ട്രീയ നേതൃത്വത്തെ ധരിപ്പിക്കാൻ പരമേശ്വർജിക്ക് കഴിഞ്ഞു. രാഷ്ട്രീയസ്വയം സേവകസംഘത്തിന്റെ സംഘടനാ പരവും ആശയപരവുമായ ഉൾക്കരുത്തിൽ നിന്നാണ് പരമേശ്വരൻ എന്ന സ്വയം സേവകൻ ഊർജ്ജം ഉൾക്കൊള്ളുന്നത്.
 തൊണ്ണൂറിന്റെ  നിറവിലും  വിശ്രമമില്ലാതെ  പ്രവർത്തിക്കുന്ന  മനീഷി കന്യാകുമാരി  വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷൻ  മുതൽ കേരളത്തിലെ സംഘപ്രസ്ഥാനങ്ങൾക്ക് മുഴുവൻ വഴിവെളിച്ചമായി  നിലകൊള്ളുന്നു.  അതുവഴി കേരളത്തിനും, ‘ഭാരതത്തിന്റെ വിശാലമായ  പരിപ്രേക്ഷ്യത്തിൽ സമ്പന്നവും സമൃദ്ധവും തനിമയാർന്നതുമായ  കേരളത്തിന്റെ നവോത്ഥാനം  സാധിതമാക്കാനുള്ള  ഒരു തപസ്സിനെയാണ് പി പരമേശ്വരൻ എന്ന പേര്  കേരളചരിത്രത്തിൽ  അടയാളപ്പെടുത്തുന്നത്.
............................................................................................
രാഷ്ട്രീയ സ്വയം സേവക സങ്ഘത്തിന്റെ കേരള പ്രാന്തീയ സഹ പ്രചാര്‍ പ്രമുഖ് ആണ് ലേഖകന്‍

No comments :

Post a Comment