Wednesday, 14 October 2015

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി

No comments :




ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ ജന്‍മവാര്‍ഷിക ദിനമായ ജനുവരി 23 ന് ആദ്യഫയലുകള്‍ പുറത്തുവിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നേതാജിയുടെ ബന്ധുക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

വര്‍ഷങ്ങളായുളള നേതാജിയുടെ ബന്ധുക്കളുടെ ആവശ്യമാണ് ഇതോടെ സാക്ഷാത്കരിച്ചത്. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടണമെന്ന് വിദേശ രാജ്യങ്ങളോട് ആവശ്യപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇക്കാര്യത്തില്‍ റഷ്യയുമായി ഡിസംബറില്‍ ഇതിനുളള ചര്‍ച്ചകള്‍ നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരിത്രത്തെ ഞെക്കിക്കൊല്ലാനാകില്ല. ചരിത്രം മറക്കുന്ന രാഷ്ട്രത്തിന് അത് സൃഷ്ടിക്കാനുമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 

നേതാജിയുടെ മുപ്പത്തിയഞ്ചോളം ബന്ധുക്കളാണ് പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിക്കാന്‍ ഡല്‍ഹിയിലെത്തിയത്. ജര്‍മനി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കഴിയുന്നവരാണ് ഇവര്‍. നേരത്തെ ജര്‍മനി സന്ദര്‍ശിക്കവേ ഇവരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നേതാജിയുടെ ബന്ധുക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. 

അടുത്തിടെ കൊല്‍ക്കത്ത സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകള്‍ പരസ്യമാക്കിയിരുന്നു. നേതാജി 1964 വരെ ജീവിച്ചിരുന്നതായി സൂചന നല്‍കുന്ന രേഖകള്‍ ഇതിലുണ്ടായിരുന്നു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട നിരവധി നിര്‍ണായക രേഖകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും നേതാജിയുടെ ബന്ധുക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും രേഖകള്‍ പരസ്യമാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. 

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി ബ്രിട്ടീഷ് സര്‍ക്കാരിനെയും നേതാജിയുടെ ബന്ധുക്കള്‍ സമീപിച്ചിട്ടുണ്ട്. 1945 ഓഗസ്റ്റ് 18ന് ഇന്നത്തെ തായ് വാനിലുണ്ടായ വിമാന അപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍

Courtesy : JANAM TV

No comments :

Post a Comment