Sunday, 11 October 2015
അംബേദ്കര്‍ ഹിന്ദുവല്ലെങ്കില്‍ മറ്റാരാണ്?
കാ.ഭാ. സുരേന്ദ്രന്
ആധുനിക ഭാരതചരിത്രത്തില്‍ അസ്പൃശ്യരായ ജനകോടികളുടെ മോചനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്നിക്കുകയും വാദിക്കുകയും ചെയ്തയാളാണ് ഡോക്ടര്‍ ബി.ആര്.അംബേദ്കര്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ ഒട്ടൊരു കടന്ന വാദങ്ങളെയും കണ്ടെത്തലുകളെയും ന്യായീകരിക്കും. എങ്കിലും അതിനപ്പുറമുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയും പിശകിപ്പോയ ചില വിലയിരുത്തലുകളെ തള്ളിക്കളയാന്‍ നമ്മെ പ്രേരിപ്പിക്കും.
അംബേദ്കര്‍ ചരിത്ര-സാമൂഹിക വിശകലത്തിനായി ആശ്രയിക്കുന്നത് ഏറിയകൂറും മനുസ്മൃതിയും ചില വിദേശ പണ്ഡിതന്മാരുടെ നിരീക്ഷണങ്ങളുമാണ്. അതിനുള്ള പ്രധാനകാരണം ഭാരതത്തിന്റെ അടിസ്ഥാന ദര്ശനഗ്രന്ഥങ്ങളായ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ നേരിട്ടു മനസ്സിലാക്കാനുള്ള അവസരം ലഭിച്ചില്ല എന്നതാണ്. സംസ്കൃതം പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതിനുള്ള അവസരം കിട്ടിയില്ല. കിട്ടിയിരുന്നെങ്കില്‍, മുന്‍ചൊന്ന ഗ്രന്ഥങ്ങള്‍ നേരിട്ടു മനസ്സിലാക്കാനായെങ്കില്, ഒരുപക്ഷേ അദ്ദേഹത്തിന്റെ വാദങ്ങളുടെ മുഖം മാറുമായിരുന്നു എന്ന കാര്യം ഉറപ്പാണ്.
സമാനമായ വിഷയത്തെ കേരളത്തില്‍ കൈകാര്യം ചെയ്തയാളാണ് മഹാകവി കുമാരനാശാന്. പക്ഷേ രണ്ടുപേരുടെയും ജീവിതസാഹചര്യം ഒന്നായിരുന്നില്ല. സവര്‍ണ്ണ മേധാവിത്തത്തിനെതിരായാണ് ആശാന്റെ പ്രയത്നമെങ്കിലും, മാര്‍ഗം മറ്റൊന്നായിരുന്നു. സംഘര്‍ഷാത്മകമോ നിഷേധാത്മകമോ ആയില്ല. കാരണം കുമാരനാശാന്, അക്കാലത്തെ ഏറ്റവും ശ്രേഷ്ഠനും യോഗിവര്യനും സന്ന്യാസിയുമായ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. സംസ്കൃതം പഠിക്കാനവസരമുണ്ടായി. വേദവേദാന്തസാരങ്ങള് ഗുരുവില്‍നിന്നു നേരിട്ടു ഗ്രഹിച്ചു. സ്വയം പഠിക്കാന്‍ അനേകം അവസരങ്ങള്‍. വിശകലനം ചെയ്തും വിലയിരുത്തിയും നിരീക്ഷിച്ചും ഭാരതത്തിന്റെ ശരിയായ ആദ്ധ്യാത്മിക പാരമ്പര്യം മനസ്സിലാക്കി. അതിനാലാണ് രണ്ടുപേരുടെയും സമീപനങ്ങള്‍ രണ്ടാകുവാന്‍ കാരണം.
അംബേദ്കര്‍ തന്റെ നിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പ്രധാനമായും ആശ്രയിച്ചത് മാക്സ്മുള്ളര്‍ അവതരിപ്പിച്ച ആര്യന് ആക്രമണ സിദ്ധാന്തം, മനുസ്മൃതി, പാശ്ചാത്യ മതവീക്ഷണം, ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചദര്‍ശനം മുതലായവയെയാണ്. അതില്‍ ആര്യന് ആക്രമണസിദ്ധാന്തം അന്നത്തെ നിലക്ക് ചോദ്യം ചെയ്യപ്പെടാതെ, അക്ഷരാര്‍ത്ഥത്തില്‍ ലോകം മുഴുവന്‍ പ്രചരിച്ചിരുന്ന, ലോകത്തിലെ ഏറ്റവും വലിയ കെട്ടുകഥയാണ്. മുഖ്യമായും ഇതിനെ അടിസ്ഥാനമാക്കിയാണ് ജാതീയതയെയും സാമൂഹിക വ്യവസ്ഥയെയും കണക്കാക്കിയത്.
1853 ല്‍ ആണ് പാശ്ചാത്യാധിനിവേശത്തെ ശാശ്വതീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ജര്‍മ്മന്‍കാരനായ മുള്ളര്‍ ഈ കഥ അവതരിപ്പിച്ചത്. എന്നാല്‍ 1888 ല്‍ - മുപ്പത്തഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ - മുള്ളര്‍ ഈ കഥ തിരുത്തിപ്പറഞ്ഞു. എന്നാല്‍ ഇന്നത്തെയത്ര ശാസ്ത്ര-സാങ്കേതിക വിദ്യയോ പ്രചരണ സംവിധാനമോ ഇല്ലാതിരുന്നതിനാല്‍ മുള്ളറുടെ വിലാപം ആരും ശ്രവിച്ചില്ല. അദ്ദേഹം പറഞ്ഞു: I have declared again and again that I say Aryas, I mean neither blood nor bones, nor hair, nor skull. I mean simply those who speak Aryan language. To me an ethnologist who speaks of Aryan race, aryan blood, Aryan eyes and hair is a great sinner as a linguist who speaks of a dolichosephalic dictionary or a brachysephalic grammer (Biographies of words and the home of Aryas)
ആര്യന് എന്നത് ഭാഷാപരമായ പ്രയോഗമാണെന്നും അല്ലാതെ കണ്ണ്, മുടി, തലയോട്ടി, രക്തം മുതലായ നരവംശപരമായ പ്രയോഗമല്ലെന്നും മുള്ളര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. പക്ഷേ യൂറോപ്യന്മാര്ക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കും ദേശീയ വിരുദ്ധരായ കോണ്‍ഗ്രസ്സുകാര്‍ക്കും ആവശ്യം ജനങ്ങളുടെ വിഘടിതാവസ്ഥയായതുകൊണ്ട് കെട്ടുകഥയെത്തന്നെ ചരിത്രമാക്കി പഠിപ്പിച്ചു; ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇന്നു ശാസ്ത്രം വളര്‍ന്നപ്പോള്‍ കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടെയും തെളിവുകള്‍ പുറത്തുവന്നു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍ ബയോളജിയുടെ തലവനും പിന്നീട് ബനാറസ് സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറുമായിരുന്ന പ്രൊഫസര്‍ ലാല്‍ജി സിംഗിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന് മൂന്നു കൊല്ലക്കാലം നിരന്തരം നടത്തിയ ഗവേഷണത്തിന്റെ ഫലം അവര്‍ 2011 ല്‍ പ്രസിദ്ധപ്പെടുത്തി. അതിലവര്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു, ഇങ്ങനെയൊരു വംശമേ ഭാരതത്തിലുണ്ടായിരുന്നില്ല എന്ന്. “We have conclusively proved that there never existed any Aryan or Dravidians in the Indian sub-continent. The Aryan-Dravidan classifications was nothing but misinformation campaign carried out by people with vested interests.”
“......... We have proved that people all over India have common genetic traits and origin. All Indians have the same DNA structure. No foreign genes or DNA has entered the Indian mainstream in the last 60,000 (sixty thousand) years.” (Human Genetics - U.S. Research Journal)
കഴിഞ്ഞ 60,000 വര്‍ഷത്തിനുള്ളില്‍ ഭാരതീയരുടെ രക്തത്തില്‍ കൂടിച്ചേരലോ ജനിതകമാറ്റമോ ഉണ്ടായിട്ടില്ല. ആര്യന്വംശവാദത്തിന് യാതൊരു നില്‍ക്കക്കള്ളിയുമില്ല. അംബേദ്കര്‍ ഉപയോഗിച്ച പ്രമാണങ്ങളില്‍ ഒന്നിന്റെ നില ഇതാണ്.
ഈ കാലഘട്ടത്തിലെ സാമൂഹിക പ്രശ്നത്തിന് അടിസ്ഥാനം മനുസ്മൃതിയാണെന്നും മനുസ്മൃതി വേദപ്രമാണങ്ങളില്‍ നിന്നാണെന്നും അംബേദ്കര്‍ ധരിച്ചു. അതിനുകാരണം ജാതീയതയെ ശാശ്വതീകരിക്കാന്‍ ആഗ്രഹിച്ച ഒരുപറ്റം സങ്കുചിതമനസ്ക്കരായ സവര്‍ണര്‍ അങ്ങനെ വാദിച്ചിരുന്നു. അതങ്ങനെയല്ലെന്ന് വേദോപനിഷത്തുക്കളെ ചൂണ്ടി വാദിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം മുമ്പു സൂചിപ്പിച്ചു. നാലായിരമോ അതിലപ്പുറമോ വര്‍ഷം മുന്‍പ് നിലനിന്നിരുന്ന ഒരു സാമൂഹികവ്യവസ്ഥയെ ഇന്നത്തെ ജീവിതക്രമത്തിന്റെ അളവുകോല്‍വച്ചു നോക്കുന്നത് അയുക്തികമാണ്. താരതമ്യം ചെയ്യാനാഗ്രഹിക്കുന്നവര്‍ നാലായിരം കൊല്ലം മുമ്പ് മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന നിയമവ്യവസ്ഥയുമായി ഒത്തുനോക്കുകയാണ് വേണ്ടത്. അത്ര പഴക്കമുള്ള കാലത്തും ഇത്ര വിശാലമായ ഒരു ഭരണഘടന (ഇന്നത്തെ നിലക്ക് എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും) സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചാണ് വിലയിരുത്തേണ്ടത്.
മനുസ്മൃതിയുടെ കാലശേഷം മറ്റനേകം നിയമവ്യവസ്ഥകള്‍ ഭാരതത്തിലുണ്ടായി. അതൊക്കെ അതാതുകാലത്തെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ചാണുണ്ടായത്. ചന്ദ്രഗുപ്ത മൗര്യന്റെയും അശോകന്റെയും കൃഷ്ണദേവരായരുടെയും ഛത്രപതി ശിവജിയുടെയും കാലത്തെ നിയമവ്യവസ്ഥകള്‍ അങ്ങനെയുള്ളതായിരുന്നു. ആയിരംകൊല്ലം മുമ്പ് ദേവലസ്മൃതിയുണ്ടായി. ഗുരുഗോവിന്ദസിംഹന്‍ സ്ഥാപിച്ച ഖല്സാപന്ഥില് ഉച്ചനീചത്വം അനുവദിച്ചിരുന്നില്ല. ഇന്നു നിലനില്‍ക്കുന്നത് അംബേദ്കര്‍ സ്മൃതിയാണ്. അതുകൊണ്ട് ഭാരതത്തിലെ എല്ലാ സാമൂഹികാചാരങ്ങളുടെയും കാരണം മനുസ്മൃതിയാണെന്നത് ശരിയായ വിലയിരുത്തലാവില്ല.
ഉച്ചനീചത്വത്തോടുള്ള എതിര്‍പ്പും വെല്ലുവിളിയുമെന്ന നിലയിലാണ് അദ്ദേഹം ബുദ്ധമതം സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ബുദ്ധമതത്തിന്റെ നിലവിലെ അവസ്ഥ സവര്‍ണ്ണരോടുള്ള എതിര്‍പ്പുമൂലം വേണ്ടുംവണ്ണം വിലയിരുത്തിയില്ല. സമാനമായ വാദം തന്നെയായിരുന്നു കേരളത്തിലെ ഈഴവരെല്ലാം ബുദ്ധമതത്തില്‍ ചേരണമെന്ന് മിതവാദി പത്രാധിപര്‍ അവതരിപ്പിച്ചതും. അതിനെതിരെ വിശദവും യുക്തിഭദ്രവുമായ തരത്തില്‍ കുമാരനാശാന് എഴുതിയ മറുപടിയാണ് ''മതപരിവര്‍ത്തനരസവാദം'' എന്ന പ്രബന്ധം. വിസ്താരഭയത്താല്‍ അതിവിടെ വിവരിക്കുന്നില്ല. അതില്‍ ആശാന് ചൂണ്ടിക്കാണിച്ച ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍ വരേണ്ടതാണ്. ''ബുദ്ധമതത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോഴൊക്കെ അതിന്റെ നിര്ദ്ദോഷവശങ്ങളെ മാത്രവും ഹിന്ദുമതത്തെപ്പറ്റി പറയുമ്പോള്‍ അതിന്റെ ദോഷവശങ്ങളെ മാത്രവും ഉദാഹരിക്കുന്നതായി കാണുന്നു. ഈ താരതമ്യരീതി ശാസ്ത്രീയമോ ധര്‍മ്മ്യമോ അല്ല.'' (കുമാരനാശാന് സമ്പൂര്‍ണ്ണ കൃതികള്‍ - പുറം 403) മിതവാദി പത്രാധിപരുടെ ഈ പ്രമാദം അംബേദ്ക്കറിനും പറ്റിയിട്ടുണ്ട്.
എന്നാല്‍ അംബേദ്കര്‍ ഹിന്ദുവിരുദ്ധനും ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിച്ചയാളും എന്ന നിലയിലാണ് ഇടതു ബുദ്ധിജീവികളും ചില ദളിത് സംഘടനകളും പ്രചരിപ്പിക്കുന്നത്. അത് വാസ്തവമായിരുന്നെങ്കില്‍ അദ്ദേഹം മാറുമായിരുന്നത് ക്രിസ്തുമതത്തിലേക്കോ ഇസ്ലാം മതത്തിലേക്കോ ആകുമായിരുന്നു. അന്നത്തെ നിലക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ വലിയ നേട്ടം അതുകൊണ്ട് ഉണ്ടാകുമായിരുന്നു. 'ഞങ്ങളുടെ മതത്തില്‍ ജാതിയില്ല' എന്ന് ഘോരഘോരം പ്രസംഗിച്ചു നടക്കുന്നവരാണല്ലോ അവര്‍. എന്തുകൊണ്ട് അംബേദ്കര്‍ ഇതിലൊന്നു തെരഞ്ഞെടുത്തില്ല? ഇതിനു വ്യക്തമായ ഒരുത്തരം മുന്‍ചൊന്ന വിഭാഗക്കാര്‍ തരേണ്ടതാണ്.
ഹിന്ദു സമൂഹം ഒന്നായി നില്‍ക്കേണ്ടതും ഉച്ചനീചത്വം ഉപേക്ഷിക്കേണ്ടതുമാണെന്ന് അദ്ദേഹം നിരവധിതവണ ആഹ്വാനം ചെയ്തു. എണ്ണംകൊണ്ടുള്ള ശക്തിയല്ല സൃഷ്ടിക്കേണ്ടത്, ഐക്യം കൊണ്ടുള്ള ശക്തിയാണെന്ന് ഓര്‍മ്മിപ്പിച്ചു.
''ഹിന്ദു സമൂഹം അതിജീവനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന്റെ അംഗസംഖ്യ വര്ദ്ധിപ്പിക്കുന്നതിനെക്കുറിച്ചല്ല, അതിന്റെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതിനര്‍ത്ഥം ജാതി ഉന്മൂലനം ചെയ്യുക എന്നതാണ്. യഥാര്‍ത്ഥ ഹിന്ദു ഐക്യമെന്നാല്‍ ജാതികളുടെ ഉന്മൂലനമാണ്.'' (സമ്പൂര്‍ണ്ണകൃതികള്‍ - വാല്യം 10 അധ്യായം 14) ഈ കാര്യം ബോധ്യപ്പെടുത്താന്‍ മാപ്പിള ലഹളയെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ജാതിരഹിത സമൂഹം എന്നത് അപ്രായോഗികമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജാതിയില്ല എന്ന വാദവുമായി പിന്നാക്ക ഹിന്ദുക്കളെ മതംമാറ്റിയ ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ അനേകം ജാതികളും ഉപജാതികളുമായി. സവര്ണ്ണക്രിസ്ത്യാനിയും ദളിത് മുസ്ലീമും ദളിത് ക്രൈസ്തവരും ഒക്കെ നമ്മുടെ മുന്നില്‍ നില്ക്കുന്നു. ബുദ്ധമതവും ഏറ്റവും അധഃപതിച്ച അവസ്ഥയിലാണെന്ന് കുമാരനാശാന് ചൂണ്ടിക്കാണിക്കുന്നു. ''ഉത്തരദേശ ബുദ്ധമതം അല്ലെങ്കില്‍ മഹായാന ബുദ്ധമതം മന്ത്രങ്ങള്‍, തന്ത്രങ്ങള്‍, കൂടപത്രങ്ങള്‍, ജന്തുബലികള്‍ എന്നുവേണ്ട ദുഷിച്ച ഹിന്ദുമതത്തിലുള്ളതില്‍ പതിന്മടങ്ങു ഭയങ്കരമായ അനവധി ദുരാചാരങ്ങള്‍ക്ക് അട്ടിപ്പേറുസിദ്ധിച്ച തറവാടാണെന്നുള്ളത് പ്രസിദ്ധമാണ്. ഹീനയാനബുദ്ധമതവും അതിന്റെ ആദിസിദ്ധാന്തങ്ങളില്‍ നിഷ്ക്കര്ഷയോടുകൂടിയല്ല ഇന്നു ദക്ഷിണദേശങ്ങളില്‍ അനുഷ്ഠിച്ചുവരുന്നത്. അതുകൊണ്ട് ആ സങ്കല്പവും ശരിയല്ല.'' (കുമാരനാശാന് - മതപരിവര്‍ത്തനരസവാദം)
ബുദ്ധമതത്തെപ്പറ്റി ഹിന്ദുവിരുദ്ധ പ്രചാരകര്‍ പറയാറുള്ള പ്രധാനപ്പെട്ട ഒരുകാര്യം ബുദ്ധമതത്തെ തകര്‍ത്തത് ബ്രാഹ്മണരാണെന്നാണ്. എന്നാല്‍ അംബേദ്കര്‍ വരച്ചുകാട്ടുന്നത് മറ്റൊരു ചിത്രമാണ്. ''മുസല്മാന്മാരുടെ ആക്രമണം കൊണ്ടാണ് ഇന്ത്യയില്‍ ബുദ്ധമതത്തിനു പതനം സംഭവിച്ചതെന്നതില്‍ സംശയമില്ല. 'ബുത്തി' (But) ന്റെ ശത്രുവായിട്ടാണ് ഇസ്ലാം രംഗപ്രവേശം ചെയ്തത്. 'ബുത്ത്' എന്നത് ഒരു അറബി വാക്കാണ്. വിഗ്രഹം എന്നാണതിന്റെ അര്‍ത്ഥം. പക്ഷേ, 'ബുത്ത്' എന്ന വാക്കിന്റെ വ്യുല്‍പ്പത്തി എന്താണെന്ന് അധികമാളുകള്‍ക്ക് അറിയില്ല. ബുദ്ധന് എന്ന വാക്കിന്റെ വികലമായ അറബിരൂപമാണത്. അപ്പോള്‍ മുസ്ലീങ്ങളുടെ മനസ്സില്‍ വിഗ്രഹാരാധനയെ ബുദ്ധന്റെ മതവുമായി താദാത്മ്യപ്പെടുത്തിയിരുന്നുവെന്ന് ഈ വാക്കിന്റെ ഉത്ഭവം സൂചിപ്പിക്കുന്നു. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടും ഒന്നുതന്നെയായിരുന്നു. അതുകൊണ്ട് വിഗ്രഹങ്ങള്‍ തകര്‍ക്കുകയെന്ന ദൗത്യം ബുദ്ധമതത്തെ നശിപ്പിക്കുകയെന്ന ദൗത്യമായിത്തീര്ന്നു. ഇസ്ലാം ഇന്ത്യയില്‍ മാത്രമല്ല, അതു ചെന്നിടത്തെല്ലാം ബുദ്ധമതത്തെ നശിപ്പിച്ചു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് ബുദ്ധമതം ബാക്ട്രിയായിലെയും പര്ത്തിയായിലെയും അഫ്ഗാനിസ്ഥാനിലെയും ഗാന്ധാരത്തിലെയും ചൈനീസ് ടര്ക്കിസ്ഥാനിലെയും മുഴുവന്‍ ഏഷ്യയുടെയും മതമായിരുന്നു. ഈ രാജ്യങ്ങളിലെയും ഇസ്ലാം ബുദ്ധമതത്തെ നശിപ്പിച്ചു'' (ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍. വാല്യം 7 അ:5)
സവര്‍ണ്ണരോടുള്ള വിയോജിപ്പ് പക്ഷേ ചരിത്രത്തെ തമസ്ക്കരിക്കാനുള്ള ആയുധമാക്കിയില്ല അംബേദ്കര്‍. കേരളത്തിലെയെങ്കിലും ഇടതുബുദ്ധിജീവികള്‍ക്ക് ആവശ്യമില്ലാത്ത കാര്യമാണ് അംബേദ്കര്‍ രേഖപ്പെടുത്തിയത്.
മുസ്ലീങ്ങള്‍ ബുദ്ധമതത്തെ തകര്‍ക്കാന്‍ അവരുടെ അടിവേരായ ബൗദ്ധപുരോഹിതരെയാണ് നശിപ്പിച്ചത് എന്നു വിശദീകരിച്ചു. ''മുസ്ലീം ആക്രമണകാരികള്‍ നളന്ദ, വിക്രമശില, ജഗദ്ദാല, ഓദന്തപുരി മുതലായ കേന്ദ്രങ്ങളിലെ ബുദ്ധസര്‍വ്വകലാശാലകള്‍ ആക്രമിച്ചു തകര്‍ത്തു. നാടൊട്ടുക്കുണ്ടായിരുന്ന ബുദ്ധവിഹാരങ്ങള്‍ അവര്‍ ചുട്ടെരിച്ചു. ആയിരക്കണക്കിനു ബുദ്ധഭിക്ഷുക്കള്‍ നേപ്പാളിലേക്കും ടിബറ്റിലേക്കും ഇന്ത്യക്കു വെളിയില്‍ മറ്റു സ്ഥലങ്ങളിലേക്കും പലായനം ചെയ്തു. മുസ്ലീം ആക്രമണകാരികളുടെ വാളാല്‍ ബുദ്ധപുരോഹിതന്മാര് എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് മുസ്ലീം ചരിത്രകാരന്മാര്ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.... അവര്‍ കോടാലി പ്രയോഗിച്ചത് വേരില്ത്തന്നെയായിരുന്നു. എന്തുകൊണ്ടെന്നാല്‍ ബുദ്ധപുരോഹിതന്മാരെ വധിച്ചതിലൂടെ അവര്‍ ബുദ്ധമതത്തെ വധിച്ചു. ബുദ്ധന്റെ മതത്തിന് ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ അത്യാഹിതം ഇതായിരുന്നു.... ഇസ്ലാമിന്റെ ഖഡ്ഗം ഭയങ്കരമാംവിധം പുരോഹിതവര്ഗ്ഗത്തിന്മേല് പതിച്ചു. പുരോഹിതന്മാര് ഒന്നുകില്‍ നശിക്കുകയോ അല്ലെങ്കില്‍ ജീവരക്ഷാര്‍ത്ഥം ഇന്ത്യക്കു വെളിയിലേക്ക് ഒളിച്ചോടുകയോ ചെയ്തു. ബുദ്ധമതത്തിന്റെ ജ്വാല തെളിച്ചുകൊണ്ടിരിക്കാന് ആരും അവശേഷിച്ചില്ല'' (അതേ പുസ്തകം അ:5)
ഈ സാഹചര്യത്തില്‍ അംബേദ്കര്‍ ബുദ്ധമതം തെരഞ്ഞെടുക്കാന്‍ കാരണം അതിനെ ഉദ്ധരിക്കാമെന്നു കരുതിയോ അതില്‍ മാത്രം മഹത്വം ദര്ശിച്ചതുകൊണ്ടോ അല്ല. മറിച്ച് ഹിന്ദുസമൂഹത്തെ ശിഥിലമാക്കുന്ന നിലപാടില്‍ നിന്നും ജാതിവാദികള്‍ ഉടന്‍ മാറേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായിരുന്നു. അവരില്‍ പ്രകോപനവും ഉത്തരവാദിത്തബോധവും ഉല്‍പ്പതിഷ്ണുത്വവും വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു.
ജാതി എല്ലാ മതത്തിലുമുണ്ട്. വര്‍ണവെറി ലോകം മുഴുവനുമുണ്ട്. പരിഹരിക്കേണ്ടത് ജാതീയതയാണ്. അതിന് മറ്റുള്ളവര്‍ കുത്തകയാക്കി വച്ചിരുന്ന വേദാന്തത്തെ സ്വായത്തമാക്കുകയാണ് വേണ്ടതെന്ന് സ്വാമി വിവേകാനന്ദന് ചൂണ്ടിക്കാട്ടി. അറിവിനെ പിടിച്ചെടുക്കുക. ജ്ഞാനത്തെ ആര്‍ജ്ജിക്കുക. അറിവിനെ അറിവുകൊണ്ടു നേരിട്ടാല്‍ അയിത്തം പമ്പകടക്കും.
ഹിന്ദുസമൂഹത്തിന്റെ ഉദ്ധാരണത്തിനും ഐക്യത്തിനും എന്തുചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അസ്പൃശ്യര്‍ക്ക് പ്രത്യേക കിണറും പ്രത്യേക വഴിയും വാഹനവുമല്ല ആവശ്യം. അതുകൊണ്ട് സമത്വമല്ല വിഭജനം ശാശ്വതീകരിക്കുകയായിരിക്കും ഫലമെന്ന് ഇത്തരമൊരു പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ്സിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഹിന്ദു ഐക്യം സാധ്യമാക്കാന്‍ എന്തു ചെയ്യണമെന്ന് 1932 നവംബര്‍ 14 നു ഹരിജന്‍ സേവക് സംഘത്തിന്റെ ജനറല്‍ സെക്രട്ടറിക്ക് എഴുതിയ കത്തില്‍ അംബേദ്കര്‍ വിശദീകരിച്ചു. (ഈ സംഘ ത്തിന്റെ ആദ്യപേര് All India anty Untouchability League എന്നാ യിരുന്നു.) ലീഗ് ആദ്യം ചെയ്യേണ്ടത് പൊതു ഇടങ്ങളില്‍ - കോടതി, വിദ്യാലയം, വഴി തുടങ്ങിയ ഇടങ്ങളില്‍ - അസ്പൃശ്യര്‍ക്ക് തുല്യ പൗരാവകാശം ഉറപ്പുവരുത്താന്‍ അഖിലേന്ത്യാതലത്തില്‍ പ്രചരണം നടത്തണം. ''അത്തരമൊരു പരിപാടി ഗ്രാമങ്ങളില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഹൈന്ദവ സമൂഹത്തില്‍ ആവശ്യമായ സാമൂഹിക വിപ്ലവം കൈവരുന്നതാണ്.'' (സമ്പൂര്‍ണകൃതികള്‍ -വാല്യം- 10 അ: 11 പുറം - 290)
സവര്‍ണ്ണ വിഭാഗത്തിന്റെ പെരുമാറ്റ രീതികളില്‍ മാറ്റം വരുത്താന്‍ അവരെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ലീഗിനോട് ആവശ്യപ്പെട്ടു. സവര്‍ണ്ണന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുകയാണ് പ്രധാനം. ഒപ്പം അസ്പൃശ്യന് ക്ഷേത്രപ്രവേശനവും ആവശ്യമാണ്. സാമൂഹികപദവി ഉയര്‍ത്തുന്നതിന് അതുപകരിക്കുമെങ്കില്‍ തീര്‍ച്ചയായും അതുവേണ്ടതാണ്. ''ഹിന്ദുമതം അവരുടെ മതമായിരിക്കണമെങ്കില് അത് സാമൂഹിക സമത്വത്തിന്റെ മതമായിരിക്കണം.''
സാമൂഹിക വിഭജനത്തിനും എതിരല്ല അംബേദ്കര്‍. അത് ഉച്ചനീചത്വത്തിലേക്കു നയിക്കരുതെന്നു മാത്രം. 'സാമൂഹികവിഭജനം സമൂഹനന്മയ്ക്ക് ഒഴിച്ചുകൂടാത്തതാണെങ്കില്‍, അത്തരം വിഭജനം ജന്മത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത്. മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം' (വാല്യം 10, പുറം 153).
1927 ഡിസംബര്‍ 20 നു മഹദില്‍ കൂടിയ സമ്മേളനത്തില്‍ ഹിന്ദുവിന്റെ അവകാശ പ്രഖ്യാപന പ്രമേയത്തില്‍ നിന്ന്) പ്രമേയത്തിന്റെ പൊതു ഉള്ളടക്കം ഹിന്ദു സാമൂഹിക സമത്വമാണ്. ''ഹൈന്ദവ സാമൂഹിക സംവിധാനത്തില്‍ സമൂലമായ ഒരഴിച്ചുപണിയാണ് അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത്.''
അംബേദ്കര്‍ ഹിന്ദു അല്ലായിരുന്നെങ്കില്‍, എതിരാളിയാണെങ്കില്‍ ഇത്തരമൊരു പ്രമേയത്തിന്റെ ആവശ്യകത ഇല്ലതന്നെ. മാതൃസമൂഹത്തോടുള്ള ബന്ധവും അത് നിലനിര്ക്കേണ്ടതാണെന്ന ധാരണയുമാണ് ഈ സമൂഹത്തെ പരിഷ്ക്കരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഹൈന്ദവ സമൂഹം എക്കാലവും നിലനില്ക്കാനും ഐക്യപ്പെടാനും ശക്തി പ്രാപിക്കാനും ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നു. ''സ്പൃശ്യര്ക്ക് അസ്പൃശ്യരോടു തോന്നുന്ന ജുഗുപ്സ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, എന്റെ അഭിപ്രായത്തില്‍, ഇരുകൂട്ടരും തമ്മില്‍ ഗാഢമായ സമ്പര്‍ക്കത്തിലേര്‍പ്പെടുകയാണ്.... അധഃകൃതവര്‍ഗക്കാര്‍ക്ക് ജാതിഹിന്ദുക്കളുടെ ഭവനങ്ങളില്‍ അതിഥികളായിട്ടോ ഭൃത്യന്മാരായിട്ടോ പ്രവേശനം അനുവദിക്കുന്നതിനേക്കാള്‍ ഫലപ്രദമായി മറ്റൊന്നില്ലെന്നാണ് എന്റെ അഭിപ്രായം''
''ഇപ്രകാരം സ്ഥാപിക്കപ്പെടുന്ന സജീവസമ്പര്‍ക്കം ഇരുകൂട്ടരുടെയും സാധാരണവും കൂട്ടായ്മയോടുകൂടിയതുമായ ഒരു ജീവിതത്തെ പരിചയിക്കുകയും നമ്മളെല്ലാം ലക്ഷ്യംവയ്ക്കുന്ന ഐക്യത്തിനു വഴിതെളിക്കുകയും ചെയ്യുന്നു'' (സമ്പൂര്‍ണ്ണകൃതികള്‍ - വാല്യം 10 - അധ്യായം 11 - പുറം 293)
അതെ, പരസ്പരം ഇഴുകിച്ചേര്‍ന്നും ഒന്നായും നമുക്കു മുന്നേറാം, ലോകത്തിന്റെ മുന്നില്‍ ഐശ്വര്യത്തോടും സ്നേഹത്തോടും ഒത്തൊരുമിച്ചു കഴിയാമെന്നു പറഞ്ഞ ഡോ. ബി.ആര്. അംബേദ്കര്‍ ഹിന്ദുവല്ലാതെ മറ്റാരാണ്?
ഹിന്ദു നവോത്ഥാന നായകരെല്ലാം ഹിന്ദു ഐക്യത്തെത്തന്നെയാണ് ഊട്ടിയുറപ്പിച്ചത്. അതിന് അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ പലതായിരുന്നു എന്നുമാത്രം. മാര്‍ഗ്ഗം പലതായിരുന്നെങ്കിലും ലക്ഷ്യം ഒന്നുതന്നെ. ഹൈന്ദവ നവീകരണപ്രസ്ഥാനത്തിലെ ആധുനിക സൂര്യന് തന്നെയാണ് ഡോ.അംബേദ്കര്‍.
Subscribe to:
Post Comments
(
Atom
)

Mullers invatio is fake one because Brahmins and Indain tribals are defferent genitics
ReplyDeleteadheham oru hindu aano allayo ennathalla prashnam Hindu ennu paranhal Saindhavan , athayathu sindhu nadeethada nivasikal enne arthamullo angane nokkyal adheham oru hinduvayirikkam hindu ennathoru mathamaakimaattiyal adheham hinduvalla ennu parayendivarum kaaranam aa mathathil addhehathinu ayithamayirunnu ayitham ore mathathilppettavar parasparam nadathunna kaliyaano
ReplyDelete