Monday, 12 October 2015

വൈകി ഓടുന്ന വണ്ടി അഥവാ ഹിന്ദു ദേശീയതയുടെ മാധ്യമ ബോധം

3 comments :

കെ.പി.ശശിധരൻ

മാധ്യമരംഗത്തെ ഹിന്ദുദേശീയതയുടെ നിർജ്ജീവതയെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ലേഖകൻ.ശാരീരിക്കും ബൗദ്ധിക്കും പോലെ ഒരു മാധ്യമിക്കും ഹിന്ദുത്വ സംഘടനയിൽ ആവശ്യമാണെന്ന് ഓർമ്മപ്പെടുത്തുന്നു ഈ ലേഖനം.
--------------------------------------------------------------------

കേരളത്തിന്റെ ചുവരിൽ  'ഇന്ത്യൻ ഇങ്ക് ' കൊണ്ട് ലോകത്തിന്റെ ഭൂപടമാണ് ഒ.വി.വിജയൻ വരച്ചുവച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്രയും വിശാലമായ ഒരു കാൻവാസ് ആരിലും അസൂയ ജനിപ്പിക്കും. ഈ മനുഷ്യൻ ഭീരുവും രോഗിയും സന്ദേഹിയും ദുർബലനുമായിരുന്നു. സാംസ്കാരിക മേഖലയിലെ മേഘ ഗർജ്ജനങ്ങളും സാഗരക്ഷോഭങ്ങളും കതകടച്ച് മൗന പ്രാർത്ഥനയിലേക്ക് മടങ്ങിയ അടിയന്തിരാവസ്ഥാ രാവുകളിൽ വിജയൻ കാതോർത്തു കിടന്നു. കലയുടെ വ്യംഗ്യം മനസ്സിലാവാത്ത സെൻസർ വകുപ്പുദ്യോഗസ്ഥന്മാരുടെ പാമര സ്മരണക്കു മുമ്പിൽ ദണ്ഡനമസ്കാരമർപ്പിക്കുക.മറിച്ചായിരുന്നുവെങ്കിൽ ഇന്ദിരാഗാന്ധിയുടെ തടവറക്കുള്ളിലാകുമായിരുന്നു ഈ സാഹിത്യകാരന്റെ അന്ത്യം.

    തുറന്ന മനസ്സോടെയുള്ള സത്യാന്വേഷണമായിരുന്നു വിജയന്റേത്. യാത്രയ്ക്കിടയിൽ ചിലപ്പോൾ വഴിപിഴയ്ക്കുകയോ നിഗമനങ്ങൾ അസ്ഥാനത്താവുകയോ ചെയ്തിരിക്കാം. പക്ഷേ സത്യാന്വേഷണത്തിന്റെ ആത്മാർത്ഥതയെ അത് ഒട്ടും ബാധിച്ചില്ല. പതുക്കെ പതുക്കെ ഹൈന്ദവ സനാതനത്തിന്റെ തീരപ്രദേശങ്ങളിൽ ഇദ്ദേഹം കരയ്ക്കണഞ്ഞതോടെ സെക്കുലർ കേരളത്തിന്റെ എട്ടു ദിക്കിൽ നിന്നും 'ചവിട്ടുനാടകവും' ചെരുപ്പേറും തുടങ്ങി. പള്ളിമേടയിലിരുന്ന് സക്കറിയമാരും പാർട്ടിമേളയിലിരുന്ന് സഖാക്കന്മാരും കല്ലും കളവും പെറുക്കിയെറിഞ്ഞു. ചാത്തനേറിന്റെ സമാപന യോഗത്തിൽ, കറതീർന്ന ഹിന്ദുത്വവാദിയാണ് ഒ.വി.വിജയൻ എന്ന് നമ്മുടെ പുരോഗമന കേരളം വിധിയെഴുതി.

  തീയും നുണയും കുറച്ചു മതി എന്നാണ് പഴമൊഴി.ഇടതു പക്ഷ കേരളത്തിൽ തീയേക്കാൾ വ്യാപനശേഷി നുണയ്ക്കു തന്നെ. തന്നോട് വ്യക്തിപരമായി സൗഹാർദ്ദം വച്ചു പുലർത്തിയിരുന്ന ചുരുക്കം ചില ഹിന്ദു ദേശീയവാദികളെക്കുറിച്ച് വിജയൻ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം ഭാഷയിൽ രണ്ട് ഉദാഹരണങ്ങൾ മാത്രം ഉദ്ധരിക്കട്ടെ. "1983 ലെ ദൽഹി മെട്രോപൊളിറ്റൻ കൗൺസിൽ തെരഞ്ഞെടുപ്പിലേക്ക് എന്റെ ഓർമ്മ മടങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ വിരുന്നു മുറിയിൽ എന്റെ ബാല്യകാല സുഹൃത്തായ ഒ.രാജഗോപാലൻ ഉണ്ടായിരുന്നു. ബിജെ പി യുടെ തഴക്കമുള്ള നേതാക്കന്മാർ ഒന്നൊന്നായി തോറ്റു വീഴുകയായിരുന്നു. 'മൃഗീയ ഭൂരിപക്ഷം' ജനാധിപത്യത്തിന് നന്നല്ലെന്ന വിശ്വാസമുള്ള ഞാൻ കോൺഗ്രസ്സിന്റെ ഈ തള്ളിക്കയറ്റത്തിൽ ആശങ്ക പൂണ്ടു.......'"നിങ്ങളുടെ കക്ഷിക്കാർ തോറ്റു പോകുന്നു" ഞാൻ രാജഗോപാലനോട് പറഞ്ഞു." അതെ" രാജഗോപാല ൻ ക്ഷോഭമില്ലാതെ മറുപടി പറഞ്ഞു." തോറ്റു പോകുന്നു".
       ഒരു ചിത്രകാരൻ എന്ന നിലയിൽ മനുഷ്യമുഖങ്ങളുടെ സാമുദ്രിക പ0നത്തിൽ ഉള്ള താല്പര്യമാവാം,രാജന്റെ മുഖത്ത് സംതൃപ്തി നിഴലിച്ചുവോ എന്ന് ഞാൻ ശങ്കിച്ചു പോയി...... "   ". വർഷങ്ങൾക്കു മുമ്പ് എന്റ അതിഥിയായി വീട്ടിൽ അന്തിയുറങ്ങി യാത്ര തിരിക്കുന്ന രാജഗോപാലനോട് ചോദിച്ചതോർക്കുന്നു."ജനസംഘത്തിന്റ വിഭാഗീയ രാഷ്ട്രീയം എവിടെ എത്തും? നിങ്ങൾക്ക് സമകാലികമായ ഒരു സാമ്പത്തിക വീക്ഷണമില്ല. ഇന്ത്യയുടെ ഭാഷാ പരവും പ്രാന്തീയവുമായ വൈരുദ്ധ്യങ്ങൾക്ക് ജനാധിപത്യപരമായ ഒരു പ്രതിവിധി നിങ്ങൾക്കില്ല - " അഖില ഭാരതതലത്തിൽ ഞങ്ങൾ സ്വീകരിക്കപ്പെടും" അദ്ദേഹം പറഞ്ഞു
."എങ്ങനെ?"
എന്റെ സുഹൃത്ത് എന്റെ മൗഢ്യത്തിൽ അനുകമ്പ പൂണ്ട് കാരുണ്യപൂർവ്വം ചിരിച്ചു. അയാൾ പറഞ്ഞു, സിന്ധുഗംഗാതടത്തിൽ പിറവിയെടുത്ത ഏതു പ്രസ്ഥാനവും വിജയിച്ചേ തീരൂ.
വികലമായ ഈ മിസ്റ്റിസിസത്തിന്റെ മുമ്പിൽ ഞാൻ അമ്പരന്നു.(ഹൈന്ദവനും അതിഹൈന്ദവനും)

          രണ്ടാമത്തെ ഉദാഹരണം ഇപ്രകാരമാണ്. " വിവിധങ്ങളായ വിചാരധാരകളെ പ്രതിനിധീകരിക്കുന്നവരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഹൈന്ദവ നവോത്ഥാന വാദികളും മാർക്സിസ്റ്റുകളും വിമോചന ദൈവശാസ്ത്രജ്ഞന്മാരും ഇസ്ലാമിക മൗലിക വാദികളും ഇതിൽപ്പെടും. ഇ വരു ടെ യത്രയും ആത്മാർത്ഥത അംഗീകരിക്കുമ്പോഴാണ് മാനവചേതനയുടെ വൈവിദ്ധ്യവും വ്യാപ്തിയും നാം മനസ്സിലാക്കുന്നത് .ഈ സുഹൃത്    സഞ്ചയത്തിൽപ്പെടുന്ന ഒരു വ്യക്തിയാണ് പ്രമുഖ രാഷ്ട്രീയ സ്വയം സേവകനായ ശ്രീമാൻ .ആർ.ഹരി. ഹരിയേട്ടനും ഞാനും ഒന്നിച്ചിരുന്നു പലതിനെക്കുറിച്ചും നീണ്ട സംഭാഷണങ്ങൾ നടത്തിയ അപൂർവ്വ സന്ദർഭങ്ങൾ ഞാൻ സന്തോഷത്തോടെ സ്മരിക്കുന്നു. ഞങ്ങൾക്ക് ഹൃദ്യമായി വിയോജിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സന്തോഷത്തിനുള്ള കാരണങ്ങളിലൊന്ന്.. ഹരിയേട്ടൻ സദയം എനിക്ക് അയച്ചു തന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം" ഇനി ഞാനുണരട്ടെ" എന്റെ മുമ്പിലിരിക്കുന്നു.സ്വച്ഛമായ പദധാര, ആത്മാർത്ഥമായ പ്രകാശനം ".

   തുടർന്ന് ഹരിയേട്ടന്റെ പുസ്തകത്തിലെ, ഉദയംപേരൂർ സുനഹദോസിനു ശേഷമുള്ള ശ്രീനാരായണ ധർമ്മ പരിപാലന സംഘം, ശ്രീരാമകൃഷ്ണമിഷൻ, ഹിന്ദുമഹാമണ്ഡലം മുതലായ ഹിന്ദുനവോത്ഥാന സംരഭ ചരിത്രം വിജയൻ സമൃദ്ധമായി ഉദ്ധരിക്കുന്നു എഴുത്തിൽ വെളിപ്പെടുന്ന 'ആത്മാർത്ഥത' യെയും 'തീവ്രത' യെയും മാനിച്ചു കൊണ്ടു തന്നെ വിജയൻ ഗ്രന്ഥകാരനോട് വിയോജിക്കുന്നു. തുടർന്ന് ചില ചോദ്യങ്ങളും 'രാജസ്ഥാനിലെ നാഥ് ദ്വാര ക്ഷേത്രത്തിൽ ഹരിജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചപ്പോഴും മീനാക്ഷിപുരത്ത് ചെരിപ്പിട്ടു നടക്കാനുള്ള സ്വാതന്ത്യം അവർക്ക് നിഷേധിച്ചപ്പോഴും സ്വയം സേവകരെ അവിടെയെങ്ങും കണ്ടില്ലെന്നും ,അവർ അയ്യായിരം വർഷം താമസിച്ചു പോയി എന്നും അദ്ദേഹം വിലപിക്കുന്നു.
   വിവേകാനന്ദ സ്വാമിയെക്കുറിച്ചും ഇങ്ങനെ പറയാം. അയ്യായിരം വർഷം വൈകി എത്തിയ സന്ന്യാസി എന്ന്.വിജയന്റെ സന്ദേഹങ്ങൾക്ക് അക്കമിട്ട് പറയാൻ ഹിന്ദുത്വ പ്രസ്ഥാനങ്ങൾക്ക് മറുപടിയുണ്ട് .മറുപടി കേൾപ്പിക്കാനുള്ള മാധ്യമങ്ങൾ മാത്രമാണ് ഇല്ലാതെ പോയത്.
   രാജഗോപാലി നോട് പാലക്കാടൻ ഊഷ്മളതയേക്കാൾ വാത്സല്യമാണ് വിജയന് തോന്നിയിരുന്നതെന്ന് ആദ്യത്തെ ഉദാഹരണം തെളിയിക്കുന്നു. നിർവ്യാജമായ ഈ ഓർമ്മക്കുറിപ്പിൽ സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് വളവും തിരിവുമില്ലാതെ വിജയൻ വ്യക്തമാക്കുന്നുണ്ട്. എന്നാൽ രണ്ടിടങ്ങളിൽ അദ്ദേഹത്തിന്റെ സന്ദേഹത്തേക്കാൾ രാജഗോപാലിന്റെ ആത്മവിശ്വാസമാണ് വിജയിച്ചത്."അഖില ഭാരത തലത്തിൽ ഞങ്ങൾ അംഗീകരിക്കപ്പെടും" എന്ന ദൃഢവിശ്വാസം സഫലമായത് കാണാൻ വിജയന് കഴിഞ്ഞില്ല." തോറ്റു പോകുന്നു" എന്ന് പറയുമ്പോൾ രാജഗോപാലിന്റെ മുഖത്ത് നിഴലിച്ചത് സംതൃപ്തിയാണോ എന്ന സംശയത്തിന് മറുപടി പാർട്ടി ജയിച്ചപ്പോഴും മന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ സാമുദ്രികം എപ്രകാരമായിരുന്നു എന്ന് അന്വേഷിക്കലാണ്.
ഹിന്ദുത്വ ആശയ വിനിമയത്തിന്റെ പരിമിതിയും ദൗർബല്യവും ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് ഇത്രയും നീണ്ട ഒരാമുഖം എഴുതിയത്.
     വിജയൻ എന്ന എഴുത്തുകാരൻ, മേല്പറഞ്ഞ വാമൊഴി സമ്പർക്കങ്ങളുടെ അപവാദം ഒഴിച്ചു നിർത്തിയാൽ ഹിന്ദുത്വത്തെ വായിച്ചത് അതിന്റെ പ്രതിയോഗികളുടെ പ്രചാരവേലാ മാധ്യമങ്ങളിലൂടെയാണെന്ന വസ്തുത വിസ്തരിക്കേണ്ടതില്ലല്ലോ.. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും ക്രിസ്ത്യൻ മിഷനറിമാരും ചമച്ച രേഖകളുടെ അടിസ്ഥാനത്തിൽ ഹിന്ദു ധർമ്മത്തെ വ്യാഖ്യാനിച്ചവരുടെ ഗതികേടിന് തുല്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. വിജയന്റെ മാത്രം അനുഭവമല്ല ഇത്. എഴുത്തിന്റെയും വായനയുടെയും ഗവേഷണത്തിൻെറയും ആശയവിനിമയത്തിന്റെയും ബുദ്ധിപരമായ തലങ്ങളിലേക്ക് ഒരു നടപ്പാലം പണിയാൻ ഹിന്ദു ദേശീയ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. കേരളത്തിൽ മാത്രമല്ല ഭാരതത്തിലുടനീളം ഇതായിരുന്നു അവസ്ഥ.ചരിത്രമോ ,സാമൂഹ്യ ശാസ്ത്രമോ  .സാമ്പത്തിക ശാസ്ത്രമോ, സാഹിത്യമോ, പത്രമോ, ചലച്ചിത്രമോ എന്തുമാകട്ടെ ഇടതു ചട്ടവും ചിട്ടയും ഉണ്മ ,ഹൈന്ദവം തിന്മ എന്ന അച്ചുകുത്തിയ പ്രചാരവേല ശാസന രൂപമാർജ്ജിച്ചു.ആശയവിനിമയത്തിന്റെ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ എല്ലാ ഇടങ്ങളും ഇടതുപക്ഷങ്ങളോ സംഘടിത മതഭീതിപക്ഷങ്ങളോ കയ്യടക്കി. കൊയ്ത്തുപാടത്ത് അവശേഷിച്ച ഉതിർമണി കൊണ്ട് ഹിന്ദു തൃപ്തിപ്പെട്ടു. ഇപ്പോഴും ഇതല്ലെ അവസ്ഥ? അഹോരാത്രം വ്യാജ വാർത്ത വാറ്റുന്ന ചാനലുകളിൽ നൂറ് നുണ നാവ് ഒരുമിച്ച് ചിലക്കുമ്പോൾ വാർത്തയുടെ വാസ്തവോക് തി വെളിപ്പെടുത്താൻ ദേശീയ പക്ഷത്ത് എത്ര പത്രക്കാരുണ്ടായിരുന്നു. ബിർള, സനാതന ഹിന്ദു മുതലാളിയാണ്.അദ്ദേഹത്തിന്റെ പത്രം (ഹിന്ദുസ്ഥാൻ ടൈംസ് ) ഹിന്ദുവിനെ അപകീർത്തിപ്പെടുത്താനുള്ള ഒരവസരവും പാഴാക്കാറില്ല എന്നു മാത്രം. അധികാരവും, പണവും, പദവിയും തീറ്റിപ്പോറ്റുന്ന ചോറ്റുപത്രങ്ങളും ചാനലുകളും നിഷ്പക്ഷമോ നീതിയുക്തമോ ആയ വാർത്ത നൽകുമെന്ന് ധരിച്ചു പോയവരെക്കുറിച്ച് സഹതപിക്കുകയെ നിവൃത്തിയുള്ളൂ. വീട്ടു ചോറുള്ളവനെ വിരുന്നു ചോറുള്ളൂ.
ശരിയാണ്, ഹിന്ദു ദേശീയവാദികൾ ശ്രമിക്കാതിരുന്നിട്ടില്ല.1948 ലാണ് ഭാരതത്തിലെ പ്രധാന ഭാഷകളെ കൂട്ടിയിണക്കി കൊണ്ട്  'ഹിന്ദുസ്ഥാൻ സമാചാർ ' എന്ന ന്യൂസ് ഏജൻസി ആരംഭിക്കുന്നത്. ദീർഘവീക്ഷണത്തോടെയുള്ള ആ കാൽവെപ്പ് പച്ച പിടിച്ചില്ല. അടിയന്തിരാവസ്ഥയിൽ ഇന്ദിരാഗാന്ധി അതിനെ  ' സമാചാറി  'ൽ ലയിപ്പി ച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം അത് പഴയ പേരിൽ പുനർജനിച്ചു. ഇപ്പോഴും അരങ്ങിലുണ്ട്.67 വർഷത്തിനു ശേഷം ' ഹിന്ദുസ്ഥാൻ ഗ്രോത്ത് റേറ്റ് 'എത്രയുണ്ട് എന്ന് ചോദിക്കരുത്. വാർത്താ മാധ്യമത്തിന്റെ ആധാരശില മുന്തിയ പത്രപ്രവർത്തകരോ, ലേഖകന്മാരോ, പരസ്യ കമ്പനിക്കാരോ, ഏജന്റ് മാരോ അല്ല. വാർത്ത ശ്വസിക്കുന്ന വായനക്കാരാണ് .നമ്മുടെ മാധ്യമങ്ങളിലെ നെല്ലും പതിരും ചതിക്കുഴിയും സ്ഥാപിത താല്പര്യവും മനസ്സിലാക്കാൻ കഴിയുന്ന, വരികളേക്കാൾ വരികൾക്കിടയിൽ കണ്ണ് പതിപ്പിക്കുന്ന പാകം വന്ന വായനക്കാരനാണ് പത്രത്തിന്റെ  'പരമാത്മാവ് ''വരിസംഖ്യാ വ്യായാമം മാധ്യമ വിദ്യാഭ്യാസം കൊണ്ട് സിദ്ധിക്കുന്ന സംസ്കാരത്തിന് പകരം നിൽക്കില്ല.
            ഹിന്ദു ദേശീയതയുടെ മാധ്യമബലം നിർജ്ജീവമായതും മുഖ്യധാരാ മാധ്യമങ്ങൾ ഹിന്ദുത്വത്തെ വായിൽ തുണി തിരുകി തൂണിമേൽ കെട്ടി അടിക്കുന്നതും കണ്ട് സഹികെട്ടാവണം ആയിരക്കണക്കിന് ' ഒറ്റയാൻ 'ഹിന്ദുക്കൾ സോഷ്യൽ മീഡിയയിലേക്ക് ചേക്കേറിയിട്ടുണ്ട്. അവരെ പേടിച്ച് മാത്രമേ സോഷ്യൽ മീഡിയയിൽ ഇന്ന് ആർക്കും വഴി നടക്കാൻ കഴിയുകയുള്ളൂ.

  കാലാളും കവചിത വാഹനങ്ങളും മാത്രമല്ല ഒരു സൈന്യത്തിന്റെ വിജയത്തെ നിർണ്ണയിക്കുന്നത്.കമ്മ്യൂണിക്കേഷൻ വിംഗ് നിർജ്ജീവമായാൽ മറ്റെല്ലാം പ്രവർത്തനരഹിതമാവും.ഹിന്ദുക്കളുടെ ആശയ വിനിമയ ശാഖ (ഹിന്ദുത്വമല്ല) അയ്യായിരം വർഷം വൈകി ഓടിക്കൊണ്ടിരിക്കുന്നു എന്ന പരിഹാസം ഒഴിവാക്കാനുള്ള അവസരമാണിത്
--------------------------------------------------------------------------------------------------------------------------
കെ.പി.ശശിധരൻ - തപസ്യ കലാ സാഹിത്യ വേദിയുടെ മുഖപത്രമായ 'വാർത്തിക 'ത്തിന്റെ മുൻ പത്രാധിപർ. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാള വിഭാഗത്തിൽ നിന്ന് വിരമിച്ചു.കലാ-സാഹിത്യ നിരൂപകൻ, 'രാഷ്ട്രീയ നിരീക്ഷകൻ, മാധ്യമ വിമർശകൻ എന്നീ നിലകളിൽ പ്ര ശസ്ത ൻ.

3 comments :

  1. ഉജ്വലം, തുറക്കട്ടെ കണ്ണുകൾ, കാതുകൾ. പക്ഷേ ഇത് അച്ചടിച്ചു കൈയിൽ കൊടുത്താലും വായിക്കാത്ത, വായിച്ചാൽ മനസ്സിലാകാത്തവരെ എങ്ങനെ ഉണർത്തും....
    മാഷിൻ്റെ എഴുത്തുകൾക്ക്, വാക്കുകൾക്ക് അമൃത ഗുണമുണ്ട്, ജീവിക്കാൻ പ്രേരിപ്പിക്കും...തുടരുക... കൊതിയോടെകാത്തിരിക്കുന്നവരുണ്ട്...

    ReplyDelete
  2. മാഷ് പണ്ട് വാർത്തികത്തിൽ എഴുതിയ പ്രയോഗമാണ് - നേരിന്റെ നാവരിയുന്നവർ
    ഞാൻ ഇത് എവിടെയെല്ലാം എത്ര തവണ ഉപയോഗിച്ചു എന്ന് ഓർമ്മയില്ല. അത്രയ്ക്ക് ഉചിതമായിരുന്നു അത് .. ഈ ലേഖനത്തിലും മാഷ് നേര് പറഞ്ഞിരിക്കുന്നു.. ഭംഗിയായി. ധൈര്യമായി.. നന്ദി 🙏

    ReplyDelete
  3. This comment has been removed by the author.

    ReplyDelete