Thursday 24 December 2015

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമ്മളനം: സെമിനാര്‍ പരമ്പര ജനുവരി 5 മുതല്‍

No comments :
കോഴിക്കോട്: ഭാരതീയവിചാരകേന്ദ്രത്തിന്റെ 33-ാം വാര്‍ഷിക സമ്മേളനം 2016 ജനുവരി 22,23,24 തിയ്യതികളില്‍ കോഴിക്കോട് തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കും. കേരള നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. മലബാര്‍ വികസനത്തിന്റെ സാദ്ധ്യതകളും പ്രശ്‌നങ്ങളും, സാമൂഹ്യനീതിയും ജനാധിപത്യവും അംബേദ്കര്‍ കാഴ്ചപ്പാടില്‍ തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി വിവിധവിഷയങ്ങളിലായി സെമിനാറുകള്‍ നടക്കും. ജനുവരി 5 ന് ശിക്ഷക്‌സദനില്‍ വിദ്യാഭ്യാസവിചാരസഭ നടക്കും. ടി. എ. നാരായണന്‍, ഡോ. എന്‍.ആര്‍ മധു, പ്രൊഫ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, ഡോ. ഗോപി പുതുക്കോട് എന്നിവര്‍ പങ്കെടുക്കും.
സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 9 ന് യുവ സംഗമം നടക്കും. പി.വത്സല, കേന്ദ്രസര്‍വകലാശാല അസോ. പ്രൊഫസര്‍ അമൃത്.ജി. കുമാര്‍,കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
ജനുവരി 9 ന് ഓര്‍ക്കാട്ടേരിയിലും ജനുവരി 17 ന് വടകരയിലും അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കൊയിലാണ്ടിയില്‍ നവോത്ഥാന ചരിത്രം വസ്തുതകളും വ്യാഖ്യാനങ്ങളും എന്ന വിഷയത്തില്‍ ജനുവരി 14 ന് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ സെമിനാര്‍ നടക്കും.ജനുവരി 10 ന് ബാലുശ്ശേരി പഞ്ചായത്ത് ഹാളില്‍ 1921 പാഠവും പൊരുളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടക്കും.
വര്‍ഗ്ഗീയപരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സമൂഹത്തില്‍ ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് ഭാരതീയവിചാരകേന്ദ്രം ആവശ്യപ്പെട്ടു. അമാനവിക സംഗമം എന്ന പേരില്‍ കോഴിക്കോട് നടന്ന കൂട്ടായ്മയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ അതിഗൗരവമായി പരിഗണിക്കണം. ആഭാസകരമായ പ്രയോഗങ്ങള്‍ ഉയര്‍ത്തിയവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. നവസമരങ്ങള്‍ എന്ന പേരില്‍ നടക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെറും കുറ്റകൃത്യങ്ങള്‍ മാത്രമല്ല, മറിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടിയാണ്. ഇതനുസരിച്ച പ്രചാരണങ്ങളാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷം മറ്റൊരു തരത്തില്‍ നടത്തികൊണ്ടിരിക്കുന്നത്.
ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അമാനവികസംഗമത്തില്‍ അശ്ലീല പ്രയോഗത്തിലൂടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. സി. മഹേഷ്. രാധാഅയ്യര്‍ ഉത്തരമേഖലാ സംഘടനാകാര്യദര്‍ശി ഇ.സി. അനന്തകൃഷ്ണന്‍ കെ. രാധാമാധവന്‍ എന്നിവര്‍ പങ്കെടുത്തു.

No comments :

Post a Comment